2009, നവംബർ 15, ഞായറാഴ്‌ച

ഭാരതീയ കാലഗണന

2 പരമാണു = 1 ദ്വിണുകം
3 ദ്വിണുകം = 1 ത്രസരേണു
3 ത്രസരേണു=1ത്രുടി

(ആയിരം താമരയില അടുക്കി വച്ചു ആരോഗ്യമുള്ള ഒരാള്‍ ഒരു സൂചി കൊണ്ടു അതില്‍ ആഞ്ഞു കുത്തിയാല്‍ ഒരില തുളഞ്ഞു അടുത്തതിലേക്ക് കടക്കാന്‍ വേണ്ട സമയമാണത്രേ ത്രുടി )

100 ത്രുടി =1 വേധം
3വേധം = 1 ലവം
3 ലവം = 1 നിമേഷം
3 നിമേഷം = 1 ക്ഷണം
5 ക്ഷണം = 1 കാഷ്ഠം
15 കാഷ്ഠം = 1 ലഘു
15 ലഘു = 1 നാഴിക
2 നാഴിക = 1 മുഹൂര്‍ത്തം
3.45 മുഹൂര്‍ത്തം = 1 യാമം
(ഏഴര നാഴിക )
4 യാമം = 1 പകല്‍ (രാത്രി)
8 യാമം = 1 അഹോരാത്രം

(അഹോരാത്രം പരിശ്രമിച്ചു എന്നൊക്കെ നാം പറയാറില്ലേ.. രാത്രിയും പകലും മുഴുവന്‍ എന്നര്‍ത്ഥം വരുന്നത് എങ്ങിനെ എന്ന് മനസ്സിലായല്ലോ )

15 അഹോരാത്രം = 1 പക്ഷം
2 പക്ഷം = 1 മാസം
2 മാസം = 1 ഋതു
3 ഋതു = 1 അയനം
(6 മാസം)
2 അയനം = ഒരു മനുഷ്യ വര്‍ഷം
6ഋതു ,12 മാസം

ഒരു മനുഷ്യ വര്‍ഷം = 1 ദേവ ദിവസം
360 ദേവ ദിവസം = ഒരു ദേവ വര്‍ഷം

4800ദേവ വര്‍ഷം= കൃതയുഗം
3600 ദേവ വര്‍ഷം =ത്രേതായുഗം
2400 ദേവ വര്‍ഷം = ദ്വാപരയുഗം
1200 ദേവ വര്‍ഷം=കലിയുഗം
നാല് യുഗങ്ങള്‍ ചേര്‍ന്നത്‌= മഹായുഗം

2000 മഹായുഗം = ഒരു ബ്രഹ്മ ദിനം
360 ബ്രഹ്മ ദിനം = ഒരു ബ്രഹ്മ വര്‍ഷം
1000 ബ്രഹ്മ വര്‍ഷം = ബ്രഹ്മാവിന്റെ ആയുസ്

പ്രളയം

ബ്രഹ്മാവിന്റെ ആയുസ്സ്‌ വിഷ്ണുവിന്റെ ഒരു പകല്‍ എന്ന് കണക്കാക്കിയിരിക്കുന്നു. പ്രളയകാലത്ത് ബ്രഹ്മാണ്ഡം ഉള്ളിലടക്കി വിഷ്ണു ഉറങ്ങുന്നു


(കടപ്പാട്..: മഹാഭാരതം, ഭാഗവതം, എപ്പോഴൊക്കെയോ വായിച്ച പുസ്തകങ്ങള്‍ , അങ്ങിനെ പോകുന്നു ...)

2009, നവംബർ 11, ബുധനാഴ്‌ച

ഒരു ദേശസ്നേഹിയുടെ അന്ത്യപ്രസ്താവന..


ഭാരതത്തെ ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നു മോചിപ്പിക്കാന്‍ അനേകായിരം പേര്‍ ജീവന്‍ നല്കിയിട്ടുണ്ട്...പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിക്കാതെ രാഷ്ട്രപ്രേമം എന്ന അഗ്നിയില്‍ ആഹുതി ചെയ്ത വിപ്ലവകാരികള്‍ ... സത്യാഗ്രഹത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ അര്‍ദ്ധ നഗ്നനായ ഫക്കീറും വിപ്ലവത്തിന്റെ തീജ്വാലകളായി മാറിയ ആസാദും തിലകനും സവര്‍ക്കരും ചാഫെര്‍ക്കര്‍ സഹോദരന്മാരും അങ്ങിനെ അങ്ങിനെ അങ്ങിനെ...ഒരു പുരുഷായുസ്സ്‌ മുഴുവന്‍ പറഞ്ഞാലും തീരത്ര അത്ര ഉണ്ട് ..അവരുടെ ഒക്കെ മാര്‍ഗങ്ങള്‍ വ്യത്യസ്ഥങ്ങളായിരിക്കാം ...അവര്‍ നമുക്കു നേടിത്തന്ന സ്വാതന്ത്ര്യത്തില് ചവിട്ടി നിന്നു നാം അവഹേളനങ്ങളുടെ പൂച്ചെണ്ടുകള് അവരുടെ രക്തസാക്ഷിത്വത്തിനു നേരെ എറിയുന്നു എന്നത് വേറെ വശം ..നമ്മുടെ വളച്ചൊടിക്കപ്പെട്ട ചരിത്രത്തില്‍ ആരും കാണാതെ ഇരുളില്‍ മങ്ങിക്കിടക്കുന്ന ഒരുപാട് അദ്ധ്യായങ്ങളുണ്ട്..വോട്ടുബാങ്കുകള്‍ക്ക് വേണ്ടി, ശീതീകരിച്ച മുറികളില്‍ ഇരുന്നു കൊണ്ട് നമ്മുടെ തമ്പുരാക്കന്മാര്‍ യഥേഷ്ടം പടച്ചു വിടുന്ന വിഴുപ്പുകള്‍ ഭക്ഷിച്ചു ഏമ്പക്കം വിടേണ്ട നമുക്ക് സ്വാഭിമാനത്തിന്ടെ വെളിച്ചം വീശുന്ന കൈത്തിരികള്‍ ചരിത്രത്തില്‍ അവിടെ അവിടെ ഉണ്ട്...കക്ഷിരാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും വര്‍ണ്ണത്തിനും ഒക്കെ അതീതമായി അവയെ നോക്കിക്കാണാനുള്ള മനസ്സ് ഇന്നും ബാക്കി ഉണ്ടെങ്കില്‍, അവയെ കണ്ടെത്തുക അത്ര ദുഷ്കരമല്ല ...(ഇത് തൂക്കുമരത്തില്‍ വധശിക്ഷ നിറവേറ്റപ്പെടുന്നതിനു മുന്‍പ്‌ അവസാനമായി ശ്രീ മദന്‍ ലാല്‍ ദിംഗ്ര ലണ്ടനില്‍ വച്ച് ഇറക്കിയ അന്ത്യ പ്രസ്താവന , ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന "ഡെയിലി ന്യൂസ്‌ " എന്ന പത്രത്തില്‍ 1909 ഓഗസ്റ്റ്‌ 16 നു പ്രസിദ്ധീകരിച്ചു . പിറ്റെ ദിവസം , അതായത് ഓഗസ്റ്റ്‌ 17 നു അദ്ദേഹത്തെ തൂക്കിക്കൊന്നു)


"ഒരു ബ്രിട്ടിഷുകാരന്റെ രക്തം ചൊരിയേണ്ടിവന്നു എന്നത് സത്യമാണ്. എന്നാല്‍ അവര്‍ എന്റെ രാജ്യത്തിലെ ജനതയോട് കാണിക്കുന്ന ക്രൂരതയോടു താരതമ്യപ്പെടുത്തിയാല്‍ എന്റെ പ്രവൃത്തി തുലോം തുച്ഛമാണ്. ""എന്റെ രാഷ്ട്രം അടിമത്തത്തിലാണ്..സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് ആയുധങ്ങള്‍ പോലും ലഭ്യമല്ല ..""എന്റെ രാജ്യത്തോടു ചെയ്യുന്ന അവഹേളനം എന്റെ ദൈവത്തോടു ചെയ്യുന്ന അവഹേളനമാണെന്നു ഞാന്‍ വിശ്വസിക്കുന്നു . എനിക്ക് രാജ്യാരാധന ശ്രീരാമ പൂജയാണ് . രാജ്യസേവനം ശ്രീകൃഷ്ണ സേവയും ""ധനത്തിലും ബുദ്ധിശക്തിയിലും ദരിദ്രനായ എന്നെപ്പോലെ ഒരുവന് സ്വന്തം രക്തമാല്ലാതെ മറ്റെന്താണ് അമ്മയുടെ കാല്‍ക്കല്‍ അര്‍പ്പിക്കാന്‍ കഴിയുക ?""ഭാരതമാതാവിന്റെ പുത്രനായി ഒരിക്കല്‍ കൂടി ജനിക്കണമെന്നും മാനവ സമുദായ സേവനത്തിനു വേണ്ടി എന്റെ നാടിനെ സ്വതന്ത്രയാക്കാനുള്ള യജ്ഞത്തില്‍ ജീവന്‍ അര്‍പ്പികണം എന്നുമാണ് ഈശ്വരനോടുള്ള എന്റെ പ്രാര്‍ത്ഥന"


"വന്ദേ മാതരം "


ദിംഗ്രയെപ്പറ്റി അല്പം ..പഞ്ചാബ് പ്രിവിശ്യയിലെ ഒരു യദാസ്ഥിതിക കുടുംബത്തില്‍ പിറന്ന അദ്ദേഹം 1906 ഉപരിപഠനത്തിനു വേണ്ടി ലണ്ടനില്‍ പോയി. അവിടെ ഉനിവേര്സിടി കോളേജില്‍ ചേര്‍ന്ന് "മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ' പഠിച്ചു. അവിടെ വച്ച് വീര്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനാവുകയും അഭനവ്‌ ഭാരത്‌ മന്ടലില്‍ അംഗമാവുകയും ചെയ്തു.. 1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 1908 ഇല്‍ സവര്‍ക്കര്‍ സംഘടിപ്പിച്ച പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു..തീവ്ര ദേശീയ ചിന്താഗതി ഉണ്ടായിരുന്ന അദേഹം ഭാരതത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ അനുഭവിക്കുന്ന യാതനകളില്‍ അസ്വസ്ഥനായിരുന്നു ..ഒരുപാടു നാളത്തെ ആലോചനകള്‍ക്കും പദ്ധതികള്‍ക്കും ശേഷം 1909 ജൂലൈ 1നു "ഇന്ത്യന്‍ നാഷണല്‍ അസ്സോസിയേഷന്റെ വേദിയില്‍ വച്ച് "സര്‍ കര്‍സണ്‍ വല്ലിയെ ( ഉപദേശകന്‍ സെക്രടറി സ്റ്റേറ്റ് ഓഫ് ഇന്ത്യ ) വെടിയുതിര്‍ത്തുകൊണ്ട് കൊലപ്പെടുത്തുകയും ചെയ്തു .. ഒന്നാം സ്വാതന്ത്യത്തിനു ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യത്തെ തിരിച്ചടിയായി ഇത് കണക്കാക്കുന്നു ....

2009, ജൂൺ 15, തിങ്കളാഴ്‌ച

രക്തസാക്ഷിക്ക് പറയാനുള്ളത്

രക്തസാക്ഷിക്ക് പറയാനുള്ളത്

(കടപ്പാട്‌ : ആദ്യമായി മുഷ്ടി ചുരുട്ടി വിളിച്ച "രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ " എന്ന മുദ്രാവാക്യത്തിനു ...ഗോ മാതാവാണെങ്കില്‍ കാള അച്ചനാവില്ലേ എന്ന് ചോദിച്ചു ഒരു പുതിയ വഴിത്താരയിലേക്ക് നയിച്ച ഗിരീഷേട്ടന്.. വിസ്മയക്കും ലാവ്ലിനും കരിദിനങ്ങള്‍ക്കും അങ്ങിനെ ഇന്നിന്റെ എല്ലാവിധ പുരോഗമനവാദത്തിന്ടെ ഉദാഹരണങ്ങള്‍ക്കും...)

"നന്ദി, കാലത്തിനും കാലനും പിന്നെ,
വിപ്ലവാഹ്വാനമേകിയ തീനാളത്തിനും
നന്ദി, അമ്മയേക്കാളും നെഞ്ചിലേറ്റിയ ദീപ്തമാം
പാടിപതിഞ്ഞൊരു വിപ്ലവഗീതിക്കും

പതറിയതില്ല ഞാന്‍ നിണമൊഴുകി വീഴ്കിലും
വിറച്ചില്ല , തീപ്പന്തമെന്തേണ്ട കൈകളും
ഓര്‍ക്കുന്നു ഞാനന്ന് കണ്ടൊരു സ്വപ്നത്തില്‍
രക്തസാക്ഷികള്‍ നെയ്തൊരു സമത്വ രാഷ്ട്രത്തിനെ

വ്യര്‍ത്ഥമോഹങ്ങള്‍, താണ്ടേണ്ട വീഥികള്‍
മുഷ്ടി ചുരുട്ടിയ വിപ്ലവവീര്യങ്ങള്‍
ഇന്നിന്റെ പാതയില്‍ രക്തപുഷ്പങ്ങളായ്
സ്വജീവിതം മാറ്റുന്ന പാഴായ സ്വപ്‌നങ്ങള്‍

അജ്ഞത തളം കെട്ടുന്ന കാഴ്ചകള്‍
ഇന്നിന്റെ വിപ്ലവം ശൈത്യം ഭയാനകം
ജീവരക്തതാല്‍ നനച്ചൊരീ സ്മാരക ശിലകളും
വില്‍പ്പനക്കെത്തുന്ന കാഴ്ചകള്‍.

വിലപേശലില്‍ മങ്ങുന്ന ഭാവിപ്രതീക്ഷകള്‍
കുരുന്നുകള്‍ കയ്യിലേന്തുന്ന കൊലക്കത്തികള്‍
തേടി ഞാന്‍, ഇടനാഴികളിലെ മൌനങ്ങളില്‍
എവിടെയാ ദൂരെ കളഞ്ഞ കൊയ്ത്തരിവാളിനെ

ശൈത്യം തളം കെട്ടും മുറിയിലതിഥിയായ് മേവുന്ന
നോട്ടുകെട്ടിന്‍ ഭാരമസഹ്യമായ് തോന്നിയോ
രക്തസാക്ഷി മഹാപര്‍വ്വതമത്രേ* വരികളില്‍..
ആഞ്ഞടിക്കേണ്ട കൊടുംകാറ്റായ് പിറന്നവന്‍

നന്ദി, കാലത്തിനും കാലനും പിന്നെ,
വിപ്ലവാഹ്വാനമേകിയ തീനാളത്തിനും

* ചൊല്ക്കവിതകളുടെ രാജകുമാരന്‍ മുരുകന്‍ കാട്ടാകടയുടെ രക്തസാക്ഷി എന്ന കവിതയിലെ പരാമര്‍ശം

2009, മേയ് 31, ഞായറാഴ്‌ച

പൂജ്യ ജനനി പൂജ ചെയ്യാന്‍ വെമ്പുമര്‍ച്ചനാ ദ്രവ്യമീ ഞാന്‍

ഒരു സംഘ ഗണഗീതം കൂടി ....


പൂജ്യ ജനനി പൂജ ചെയ്യാന്‍

പൂജ്യ ജനനി പൂജ ചെയ്യാന്‍ വെമ്പുമര്‍ച്ചനാ ദ്രവ്യമീ ഞാന്‍
മിന്നുമുജ്വലപൊന്‍ കിരീടം തന്നില്‍ മുത്തായ്‌ തീര്‍ന്നിടേണ്ട
ദിവ്യമാത്തിരുനെറ്റിയില്‍ പൊന്‍ തിലകമായിത്തീര്‍ന്നിടേണ്ട
ഒരുവരും കാണാതെ കാറ്റിന്‍ കുളിര്‍മയായ്‌ ഞാന്‍ വീശിടാവൂ

ദേവി തന്‍ ശ്രീകോവിലില്‍ മണിമകുടമായി തീര്‍ന്നിടേണ്ട
നിത്യപൂജാ വേളയിങ്കല്‍ വാദ്യദ്വാനിയായ്‌ തീര്‍ന്നിടാവൂ
ഭാരമഖിലം പേറിടും ആധാരശിലയായ് തീര്‍ന്നിടാവൂ (പൂജ്യ ജനനി)

ദേവി തന്‍ ഗള നാളമണിയും പുഷ്പമാലികയായിടേണ്ട
കോവിലില്‍ പൊന്നൊളി പരത്തും ദീപമാലികയായിടേണ്ട
തൃക്കഴല്‍ത്താരടിയില്‍ വെറുമൊരു ധൂളിയായ്‌ ഞാന്‍ തീര്‍ന്നിടാവൂ (പൂജ്യ ജനനി)

ആര്‍ത്തിരമ്പും ഭക്ത തതി തന്‍ കീര്‍ത്തനങ്ങള്‍ മുഴങ്ങിടട്ടെ
അനര്‍ഘമാം കാഴ്ചകള്‍ നിരത്തി അവര്‍ കൃതാര്‍ത്ഥത പൂണ്ടിടട്ടെ
ഇരവിലെങ്ങാന്‍ വന്നു ഞാന്‍ തൃക്കഴലില്‍ നിര്‍വൃതി പൂണ്ടിടാവൂ (പൂജ്യ ജനനി)

കൂടുതല്‍ ഗണഗീതങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

2009, ഏപ്രിൽ 23, വ്യാഴാഴ്‌ച

ശ്രീലങ്ക -പാലസ്തീന്‍ -മാനവികത..

(തികച്ചും വൈകാരികപരമാണ് ബ്ലോഗ് ... ....ഹൃദയത്തിലെവിടെയോ തോന്നിയ കുഞ്ഞു നൊമ്പരത്തില്‍ നിന്നു തോന്നിയ ചിന്തകള്‍ ...)

ഏതാനും ചിലമാസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ കുഞ്ഞു കേരളത്തിലെ ഏറ്റവും ഭീകരമായ വിഷയം 'മാനവികത' ആയിരുന്നു...അത്രയൊന്നും ചിന്താശേഷിയില്ലാത്ത ഒരു സാധാരണക്കാരനായ എനിക്ക് മനസ്സിലാവുന്നതിലും വലിയ ചര്‍ച്ചകള്‍ ആ വാക്കിന്മേല്‍ നടന്നിരുന്നു ..പ്രശ്നം പാലസ്തീനിലെ ഇസ്രയേല്‍ ഭീകരത ആയിരുന്നു... പിടഞ്ഞു വീണ കുഞ്ഞു ശരീരങ്ങളുടെ ചിത്രങ്ങള്‍ ആരുടെ മനസ്സിലും വേദനയുളവാക്കുന്നതായിരുന്നു ...എതിര്‍ക്കപ്പെടേണ്ടതു തന്നെയായിരുന്നു ... അങ്ങിങ്ങോളം പാലസ്തീനെ അനുകൂലിച്ചു പ്രകടങ്ങള്‍ ..പോസ്ടറുകള്‍ ...പിരിവുകള്‍ ...എന്തിനേറെ ഹര്‍ത്താല്‍ വരെ...അതിലും രസകരം ലോകം കണ്ട ഏറ്റവും വലിയ ഭീകര സംഘടനകളിലോന്നായ ഹമാസിനോടു പോലും (അവിടെ പിടഞ്ഞു വീഴുന്ന ജനതയോടല്ല) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രകടനങ്ങള്‍ നടന്നു.. നല്ലത് ... ഞങ്ങളുടെ സഹോദരന്മാര്‍ക്ക് ഞങ്ങളുടെ രക്തം നല്കും ..തുടങ്ങിയ പ്രസ്താവനകള്‍.. ഞങ്ങളുടെ 'സഹോദരന്‍' എന്ന് വച്ചാല്‍ മനുഷ്യവര്‍ഗം തന്നെയാണ് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു ....

ഇനി മാനവികതയുടെ അടുത്ത തലം .....കുറച്ചു ദിവസങ്ങളായി നമ്മുടെ പത്രങ്ങളിലും മറ്റും നിറയുന്ന കുറച്ചു മനുഷ്യരുടെ (ക്ഷമിക്കണം ..വസുദൈവ കുടുംബകം എന്ന വിശ്വാസത്തില്‍ ) ചിത്രങ്ങളുണ്ട്...തൊട്ടടുത്ത്‌ ശ്രീലങ്കയില്‍ സൈന്യത്തിന്റെ വംശഹത്യയില്‍ നിന്നു രക്ഷപ്പെടാന്‍ കുഞ്ഞുങ്ങളേയും മാറോടു ചേര്‍ത്ത് പിടിച്ചു ജീവന് വേണ്ടി പൊരുതുന്ന കുറച്ചു അമ്മമാരുടെ ചിത്രങ്ങള്‍...മുഖമാകെ ചോരയൊലിപ്പിച്ചു ഭക്ഷണത്തിന് വേണ്ടി കൈകളും നീതി യാചനയൊടെ നില്ക്കുന്ന കുഞ്ഞോമനകളുടെ ചിത്രം..

ഒരു ഭീകര സംഘടനയുടെ പേരില്‍ ബലിയാടാവേണ്ടിവന്ന ലക്ഷക്കണക്കിന്‌ തമിഴ് വംശജര്‍ ഈ പറഞ്ഞ 'മാനവികത' യുടെ പരിധിയില്‍ വരില്ലേ? ഇന്നേ വരെ ഒരു 'മാനവിക പ്രസ്ഥാനങ്ങളും ' ശബ്ദമുയര്‍ത്തുകയോ പ്രകടനം നടത്തുകയോ ചെയ്തില്ലല്ലോ? ഒരു സാംസ്കാരിക 'നായ'കന്റെയും പ്രസ്താവനകളും കണ്ടില്ല?

പച്ചക്ക് പറഞ്ഞാല്‍ ഇന്നിന്റെ മാനവികതയുടെ അളവുകോല്‍ മതമാണ്‌.. മനസ്സാക്ഷിയെ മതത്തിന്റെ അല്ലെങ്കില്‍ ഏതെങ്കിലും ഇസത്തിന്റെ മാറാല മൂടിയിട്ടില്ലെന്കില്‍ ഒന്നു ചിന്തിച്ചു നോക്കൂ..

  • വേദനയ്ക്ക് മതമുണ്ടോ..? ദാരിദ്ര്യത്തിനും ...
  • ഗുജറാത്തിലേയും മാറാടിലേയും പാലസ്തീനിലേയും ശ്രീലങ്കയിലേയും അമ്മമാരുടെ നഷ്ടത്തിന് ഏറ്റക്കുറച്ചിലുകളുണ്ടോ ..?
  • അഞ്ചു വര്‍ഷം കട്ടുമുടിക്കാനുള്ള അവകാശം ഒപ്പിച്ചെടുക്കാന്‍ വേണ്ടി ന്യുനപക്ഷ -ഭൂരിപക്ഷ വര്‍ഗീയതകളെ വളര്‍ത്തുന്ന ബ്രിട്ടീഷുകാരന്റെ അടവുനയത്തില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഇനിയെന്കിലും പിന്മാറണ്ടേ ...?
ഇത്രമാത്രം ഓര്‍മ്മിപ്പിക്കട്ടെ.....ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്നേറുക......അല്ലെങ്കില്‍ നശിക്കാന്‍ തയ്യാറാവുക .....

2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ബ്ലോഗര്‍ക്കെന്താ കൊമ്പുണ്ടോ?

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റ്റെ അത്യുന്നത ശൈലങ്ങളില്‍ വിരാജിക്കുന്ന ഒരു മുടിചൂടാ മന്നനാണ്‌ ബ്ലോഗര്‍.. എന്ന് വച്ചാ ഭാരത ഭൂഖണ്ഡത്തില്‍ എന്നല്ല , അതിര്‍ത്തികളാല്‍ വേര്‍തിരിക്കപ്പെട്ട ഏതൊരു രാജ്യ സങ്കല്പങ്ങളില്‍ രൂപീകൃതമായ നിയമവ്യവസ്ഥിതികള്‍ക്കും അപ്പുറം തൂലികാനാമത്തിന്റ്റെ ചിറകില്‍ പറന്നു നടക്കുന്നവന്‍... അവനരെയും പരിഹസിക്കാം..അഭിപ്രായങ്ങള്‍ പറയാം..വിമര്‍ശിക്കാം..തെറി വിളിക്കാം...അങ്ങിനെ ഒരുപാടു അവകാശങ്ങള്‍ ജന്മനാ ഒരു ബ്ലോഗര്‍ക്ക് വരദാനമായി കിട്ടുന്നുമുണ്ട് ...എന്നാല്‍ ചിലപ്പോഴൊക്കെ, അല്ല ഈയിടെയായി മിക്കവാറും, ആരോഗ്യപരമായ ചര്‍ച്ചകള്‍ക്ക് പകരം, വ്യക്തി വിദ്വേഷത്തിന്റെയും ,രാഷ്ട്ര വിരുദ്ധ നയങ്ങളുടെയും പരസ്യമായ പ്രഖ്യാപനമായി നമ്മുടെ ചില ബ്ലോഗുകളെങ്കിലും മാറുന്നുണ്ട്...

ചിത്രകാരന്‍ പ്രശ്നത്തില്‍ മനോഭാവം പലപ്പോഴും പ്രകടമാകുകയും ചെയ്തു..ഒരു സമൂഹത്തിലെ സ്ത്രീകള്‍ മൊത്തം വേശ്യകളാണെന്നു പറഞ്ഞു ബുദ്ധിജീവി ചമഞ്ഞു നടന്ന മഹാനുഭാവന്റെ ഭാഷയോടെ ചിലര്‍ക്ക് എതിരഭിപ്രായമുള്ളു...(വേശ്യകളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല..ചിലര്‍ക്കെന്കിലും പരാമര്‍ശം സന്തോഷം നിറഞ്ഞ ഒരു ഉറക്കമെന്കിലും സമ്മാനിച്ചിട്ടുണ്ടായിരിക്കും )..ഇതിനെതിരെ പോലീസ് നടപടിക്ക് പോയ പൊന്നമ്പലത്തിനു നേരെ പലരും കടിച്ചു കീറുകയും ചെയ്തു...ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം..കഷ്ടം..

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത് എന്ന ന്യായം നിലനില്‍ക്കുന്നതുകൊണ്ട്‌ നിയമപരമായ നടപടികള്‍ ചങ്ങലകളും വിലങ്ങുകളുമാണത്രെ..ഒരു പരസ്യമായ മാധ്യമം എന്ന നിലയില്‍, ആര്‍ക്കു വേണമെങ്കിലും വായിക്കാവുന്ന, ആശയങ്ങളെ ദ്രുതഗതിയില്‍ കൈ മാറാവുന്ന ഒരു സങ്കേതമാണ് ബ്ലോഗ് എന്നിരിക്കെ, ഒരു സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ അഖണ്ഠതയ്ക്ക് ഭീഷണിയാവുന്ന, ഏതെങ്കിലും തരത്തില്‍ ഭീഷണിയായേക്കുന്ന നിലപാടുകള്‍ നിയമപരമായി നേരിടേണ്ടതു തന്നെയല്ലേ? 'നിയമപരം' എന്നത് കൊണ്ടു ഒരു ഏകാധിപത്യ നിലപാടുകള്‍ അടിച്ചേല്പ്പിക്കുവാനുള്ള സാധ്യതയും അവിടെ ഇല്ലാതാവുന്നു..ആരോപിക്കപ്പെടുന്ന കുറ്റം നിഷേധിക്കാനും തെളിയിക്കാനും അവിടെ സാഹചര്യം ഉണ്ടല്ലോ ...എന്നാല്‍ തങ്ങള്‍ വിമര്‍ശനത്തിനും ബാഹ്യമായ ഇടപെടലുകള്‍ക്കും അതീതരാണ് എന്ന രീതിയിലുള്ള (അതെന്തു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും ) ധാര്‍ഷ്ട്യം 'പൌരബോധമുള്ള വായനക്കാരനോടുള്ള' വെല്ലുവിളി അല്ലേ?

ഒരു മൈക്കിന്റെ മുന്നില്‍ കൂടി വരുണ്‍ ഗാന്ധി പറഞ്ഞ വിവരക്കേടുകള്‍ക്ക് ഉണ്ടായ നടപടികള്‍ സ്വാഗതാര്‍ഹമാണ് നമുക്ക്..അവിടെ ആശയപരമായി നേരിടാന്‍ ആരും തന്നെ ആവശ്യപ്പെട്ടിട്ടുമില്ല ..അതേപോലെ തന്നെ നിരീക്ഷിക്കപ്പെടെണ്ട മാധ്യമം തന്നെയാണ് ബ്ലോഗ് ..ഇത് തമ്മില്‍ compare ചെയ്യാന്‍ പാടില്ലാത്ത അകലം ഉണ്ടെന്നു ഈയുള്ളവന് തോന്നുന്നില്ല ...

ഒന്നുമാത്രം...ഭരണഘടനകള്‍ അനുശാസിക്കുന്ന പരിമിതികള്‍ക്കപ്പുറം, മാനവിക സ്നേഹത്തിന്റെ ചിറകുകളരിയുന്ന കൊടുവാളുമായി, ഒരു സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കു മേല്‍ അസഭ്യവര്‍ഷം ചൊരിയുന്ന തൂലികയുമായി, യാത്ര തുടരുന്ന ബ്ലോഗര്‍മാര്‍ (ആരെയും പേരെടുത്തു പറയുന്നില്ല) നിയന്ത്രിക്കപെടേണ്ടതാണ്...