2009, ഫെബ്രുവരി 25, ബുധനാഴ്‌ച

പാഠം ഒന്ന് -വൃദ്ധസദനങ്ങള്‍ ഉണ്ടാകുന്നത്

എല്ലാവരും പറയുന്നു ഞാന്‍ സ്വാര്‍ത്ഥനാണത്രെ..കണ്ണില്‍ ചോരയില്ലാത്തവന്‍..പെറ്റമ്മയെ നോക്കാന്‍ പറ്റാതെ വൃദ്ധസദനത്തില്‍ കൊണ്ടു ചെന്നാക്കിയവന്‍ ...എനിക്കെന്റെ കാര്യം നോക്കണ്ടേ? നോക്കണം ...

എന്നെ കുറ്റപ്പെടുത്തുന്നവര്‍ക്കായി ..അറിയാമോ..ഞാനിങ്ങനെ ആയിരുന്നില്ല...എന്റെ അമ്മ എന്നെ ആദ്യം പഠിപ്പിച്ച കാര്യമാ .."നീ നിന്റെ കാര്യം നോക്ക് ..". എനിക്കോര്‍മ്മയുണ്ട്...ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ ഒരിക്കല്‍ ഞാനൊരു മിട്ടായി നേറെ കൂട്ടുകാരന്‍ രാഗേഷിനു കൊടുക്കാന്‍ മാറ്റി വച്ചത് അമ്മ കണ്ടു.. അമ്മ പറഞ്ഞു, "അവന്‍ നിനക്കെന്തേലും തരോ? നീ ഒരു മണ്ടന്‍ ആണ്..മിട്ടായീം കൊണ്ടു നടക്കാണ്..നീ നിന്റെ കാര്യം നോക്കാന്‍ പഠിക്കു "..ഞാനത്ര കാര്യമാക്കി എടുത്തില്ല..പിന്നീടിത് പലപ്പോഴായി അമ്മ ആവര്‍ത്തിച്ചിരുന്നു ...കുറ്റിയും കോലും കളിച്ചു വിയര്‍ത്തൊഴുകി കേറി വന്നപ്പോള്‍ അമ്മ ഓര്‍മ്മിപ്പിച്ചു "നീയിങ്ങനെ കളിച്ചു നടന്നോ..അവന്മാരൊക്കെ പരീക്ഷ വരുമ്പോ ഒന്നാമതാവും ..അവര്‍ക്കൊക്കെ സ്വന്തം കാര്യം നോക്കാനറിയാം ..നീ വെറും മണ്ടന്‍ "...

സ്വന്തം കാര്യം നോക്കാനറിയാത്തത് ഇത്ര വല്യ പാപമാണെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി...പരീക്ഷക്ക്‌ മാര്‍ക് കുറയുമ്പോ..അയലത്തെ ജീവന് എന്നേക്കാള്‍ മാര്‍ക്ക് കിട്ടുമ്പോള്‍ , പനി പിടിച്ചു ക്ലാസ്സില്‍ വരാന്‍ സാധിക്കാത്ത വിശ്വന് നോട്ട് പകര്‍ത്ത്തിയെഴുതി കൊടുക്കുമ്പോള്‍ , ഞാനീ "സ്വന്തം കാര്യം" പുരാണം കേട്ടുകൊണ്ടെയിരുന്നു ..എന്തിനേറെ അമ്മാവന്റെ മകന്റെ കല്യാണ സമയത്ത് വെയില് കൊണ്ടു ഓരോ ആവശ്യങള്‍ക്ക് വേണ്ടി ഓടി നടന്നപ്പോഴും ഇതോര്‍മ്മിപ്പിക്കാന്‍ അമ്മ മറന്നില്ല ...

എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട് , ആദ്യമായി കിട്ടിയ ശമ്പളത്തില്‍ ഒരു വിഹിതം തൊട്ടടുത്തുള്ള ഒരു അനാഥാലയത്തിനു സംഭാവന നല്കിയത് സന്തോഷപൂര്‍വ്വം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയുടെ പ്രതികരണം .."ഇവിടെ ജീവിക്കാന്‍ തന്നെ കാശ് തികയണില്ല ..അപ്പോഴാ..സ്വന്തം കാര്യം ആദ്യം നോക്ക് ..ഒരു ദാനധര്‍മ്മി വന്നിരിക്കുന്നു "

ശരിയാ ..ഓര്‍മ്മ വച്ച നാള്‍ മുതല്‍ കേട്ടു തഴമ്പിച്ച വാചകങ്ങള്‍ക്ക് ഒരു പ്രത്യേക അര്‍ത്ഥം തോന്നിത്തുടങ്ങി ..ഞാനൊരു പാടു വൈകി...പിന്നെ എന്റെ ബാങ്ക് ബാലന്‍സ് കൂടി..വിലപേശാന്‍ പഠിച്ചു ..പിച്ചക്കാരനിലെ മനുഷ്യനെ കാണാനുള്ള കാഴ്ച നശിച്ചു ..സത്യത്തില്‍ അതില്‍ സന്തോഷിക്കാന്‍ തുടങ്ങി ..വിവാഹം...കുട്ടികള്‍..ഞാനിന്നു ബാധ്യതകളെ കുറിച്ചു ചിന്തിക്കാന്‍ പ്രാപ്തനായിരിക്കുന്നു ...അല്ല എന്നെ എന്റെ അമ്മ പ്രാപ്തനാക്കിയിരിക്കുന്നു..നന്ദി ...


---------------------------------------------------------------------------------------------------------------

ഇതു എന്റെ ചുറ്റും നടക്കുന്ന കാഴ്ചകളില്‍ നിന്നുണ്ടായ ഒരു കുഞ്ഞു പ്രതികരണം ...ഉമ്മ്മ ഉമ്മ ...ഈ കാഴ്ചകള്‍ കാണാന്‍ എന്നെ പഠിപ്പിച്ച , എന്റെ പുന്നാര അമ്മക്ക്

2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

എന്റെ 'മലയാളി അഹങ്കാരവും' മധുര യാത്രയും

മൂന്നു ദിവസമായി ഒരു യാത്രയിലായിരുന്നു. മധുര - തിരുപ്പുറം കുണ്ട്രം -പഴനി. ഒരു യാത്ര വിവരണം എഴുതാനുള്ള അഹങ്കാരം ഇപ്പൊ എനിക്കില്ലാത്തത് കൊണ്ടും വേറെ ചില അഹങ്കാരങ്ങള്‍ തകര്‍ന്ന് വീണത്‌ കൊണ്ടും കുറച്ചു സംഭവങ്ങള്‍ പറയാം.. ആദ്യമേ പറയട്ടെ എന്റെ 'മലയാളി അഹങ്കാരങ്ങള്‍ ' എന്നെ മാത്രം വിലയിരുത്തി കൊണ്ടു പറഞ്ഞതാണ്..എനിക്കറിയാം എന്റെ മലയാളികള്‍ തികഞ്ഞ മാന്യന്മാരും വിനയാന്വിതരും ആണ്..അല്ലാതെ എന്നെ പോലെ തികഞ്ഞ അഹങ്കാരിയും സര്‍വ്വോപരി തെമ്മാടിയും അല്ല.

എന്റെ 'മലയാളി അഹങ്കാരങ്ങള്‍' എന്തോക്കെയാന്നു പറയാന്‍ മറന്നു ..പറയാം ..രണ്ടു നേരം, പറ്റിയാല്‍ മൂന്നും നാലും നേരം , കുളിക്കുന്നതിന്റെ അഹങ്കാരം ...പൊതുവഴിയില്‍ പരസ്യമായി അപ്പിയിടാത്ത അഹങ്കാരം ..തെരുവോരങ്ങളില്‍ ചളി പുരണ്ട മുഖങ്ങളുള്ള കുഞ്ഞുങ്ങളുമായി പിച്ച തെണ്ടാത്തത്തിന്റെ അഹങ്കാരം...മാവേലി നന്മയുടെ കുത്തകാവകാശത്തിന്‍െ അഹങ്കാരം ...പൊട്ടിമുളച്ചു കൊണ്ടിരിക്കുന്ന ഐ.ടി പാര്‍ക്കുകളുടെ പെരുമയുടെ അഹങ്കാരം ...സാംസ്കാരിക ഔന്നത്യത്തിന്റെ അഹങ്കാരം...അങ്ങിനെ ഞാനൊരു ഒന്നൊന്നര അഹങ്കാരിയാണ് ..അല്ല ..ആയിരുന്നു

ഇങ്ങനെ എന്റെ അഹങ്കാരത്തിന് അന്ത്യം കുറിക്കുകയും ഒരു പുനര്‍ വിചിന്തനത്തിന് തുടക്കം കുറിക്കുകയും ചെയ്തത് ഒന്നു രണ്ടു കുഞ്ഞു കാര്യങ്ങളാണ് ..അതില്‍ ഒന്നാമത്തെ സംഭവത്തിന്റെ സൂത്രധാരനാണ് ശ്രീ അജിത് കുമാര്‍ ...ഇദേഹം തമിള്‍നാട്ടിലെ ബുദ്ധിജീവിയോ സാംസ്കാരിക നായകനോ അല്ല ..(അഭിപ്രായങ്ങള്‍ മൊത്തമായും ചില്ലറയായും വിറ്റു ജീവിക്കുന്ന അഴീകോട് മാഷിന് സ്തുതി) ..ഒരു പയ്യന്‍സാണ് ..6th ഇല്‍ പഠിക്കുന്നു .(ഫോട്ടോയില്‍ ഞാന്‍ തോളില്‍ കയ്യിട്ടു നില്‍ക്കുന്നതാണ് കഥാപാത്രം ).ഞങ്ങള്‍ ഇങ്ങനെ മധുര മീനാക്ഷി ദര്‍ശനത്തിനു കാത്തു നില്ക്കുന്നു ...മണിക്കൂറുകളായി കാത്തു നില്‍ക്കുകയാണ്‌ ..സ്വാഭാവികമായും ഞാനും ശിവദാസും അവിടത്തെ ആളുകളുടെ വൃത്തിയില്ലായ്മയെ കുറിച്ചും മറ്റും കൂലങ്കുഷമായി പരദൂഷണം പറഞ്ഞു നേരം കളയുകയാണ് (സ്വാഭാവികമായും ഞാന്‍ ഒരു അഹങ്കാരിയയത് കൊണ്ടു മാത്രം ...എനിക്കറിയാം മറ്റു മലയാളികള്‍ ഒരിക്കലും തമിഴന്മാരെ കുറ്റം പറയുകയോ ചീത്ത വിളിക്കുകയോ ഇല്ല)..ഈ കുട്ടി ഞങ്ങളുടെ തൊട്ടു മുന്‍പില്‍ നില്‍ക്കുന്നുണ്ട് ..അവന്‍ ഞങ്ങളെ നോക്കുന്നുണ്ട് ...ക്യു ഇഴഞ്ഞു നീങ്ങി തുടങ്ങി ...'അമ്മേ ' വിളികള്‍ കൊണ്ടു അന്തരീക്ഷം മുഖരിതമായി ...അവിടെ ശ്രീകോവിലിന് നേരെയായി ഒരു ചെറിയ സ്പേസ് ഉണ്ട് ..അതില്‍ കേറി നിന്നാല്‍ വ്യക്തമായി ദര്‍ശിക്കാം ..ശിവദാസും ഞാനും ചെറുതായി തിക്കിത്തിരക്കി അങ്ങോട്ട് ചാടിക്കേറാന്‍ (തീയേറ്റര്‍ പരിചയം ) ശ്രമിച്ചു ..പക്ഷെ മുന്‍പിലുള്ള പയ്യനാണ് അതിനുള്ള ഭാഗ്യം കിട്ടിയത് ..കേറിയ ഉടനെ അവന്‍ ഞങ്ങളെ ഒന്നു നോക്കി , ദര്‍ശനം പോലും നടത്താതെ ഞങ്ങളെ വിളിച്ചു ..എന്നിട്ടു പറഞ്ഞു .."ചേട്ടാ , നിങ്ങള്‍ കേറി കണ്ടോളൂ .."അവന്‍ താഴെ ഇറങ്ങി ..ഞങ്ങള്‍ക്ക് കുറച്ചിലായി ..അഹങ്കാരതിനിട്ടുള്ള ആദ്യത്തെ കൊട്ട് ..അപ്പോള്‍ അവന്റെ അടുത്ത ഡയലോഗ് ..."ദയവു ചെയ്തു കേറി അമ്മയെ ദര്‍ശിക്കൂ ..എന്റെ വീട് ഇവിടെ നിന്നു എട്ടു കിലോമീറ്റര്‍ ദൂരെയാണ് ..എനിക്കിനിയും വരാം ..നിങ്ങള്‍ ഒരു പക്ഷെ ജീവിതത്തില്‍ ആദ്യവും അവസാനത്തെയും വരവാവും "..എന്നിട്ടു ഞങ്ങള്‍ കേറി ഭംഗിയായി തൊഴുന്നതും നോക്കി അവന്‍ മാറി നിന്നു ..എനിക്കും സുഹൃത്തിനും കുറെ നേരത്തേക്ക് ഒന്നും സംസാരിക്കാനെ പറ്റിയില്ല ..ഇത്രയും നേരം തമിഴന്റെ സംസ്കാരത്തെ കളിയാകുകയായിരുന്നു ..മലയാളിയുടെ ആഭിജാത്യം നെഞ്ചിലേറ്റി ....ദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങി അവനെ തേടിപ്പിടിച്ചു ..പരിചയപ്പെട്ടു ..പിന്നെടങ്ങോട്ടു ആ മിടുക്കനായിരുന്നു ഞങ്ങളുടെ ഗൈഡ് ..ഒരു പാടു സ്നേഹത്തോടെ , ബഹുമാനത്തോടെ അവന്‍ ഒരുപോ മുക്കും മൂലയും കാണിച്ചു തന്നു..ഐതിഹ്യങളൂം കഥകളും ചരിത്രവും ഒക്കെ പറഞ്ഞു തന്നു ആ കൂടുകാരന്‍ ഞങ്ങളോട് യാത്ര പറഞ്ഞു ...കൂടെ അവന്‍ എന്റെ 'മലയാളി അഹങ്കാരവും ' കൊണ്ടു പോയി...മധുരയിലെ തമിള്‍ അത്ര എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതല്ല ...സത്യം പറഞ്ഞാല്‍ പകുതിയേ പറ്റിയുള്ളൂ ..എന്നാലും തികഞ്ഞ സ്നേഹത്തോടെയും കുലീനത്വതോടെയും ഉള്ള ആ കുഞ്ഞു കൂട്ടുകാരന്‍ വളരെ പെട്ടെന്ന് തന്നെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു ..പിന്നീടങ്ങോട്ട് കുറെ അനുഭവങ്ങള്‍ ..



ഒരു പ്രശ്നത്തിന്‍ മേല്‍ അവിടത്തെ പോലീസ് അധികാരികളുടെ ക്രിയാത്മകവും സ്നേഹപൂര്‍വ്വവുമായ സമീപനം ...അങ്ങിനെ കുറെ...കൂട്ടത്തില്‍ വന്ന ഒരാള്‍ മിസ് ആയി ...കുറെ തേടി അലഞ്ഞു ..കിട്ടിയില്ല..പ്രായം ചെന്ന ആളാണ് ..മൊബൈല് ഇല്ല..അവസാനം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു ..ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള സമീപനം ...ഞങ്ങളെ ആശ്വസിപ്പിക്കുന്നു ..ഓടി നടക്കുന്നു ..അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കുന്നു ..

എന്തായാലും ഈ യാത്ര എന്നെ സംബന്ധിച്ച് ഒരു ആദ്ധ്യാത്മിക പരിവേഷത്തിനും ഉപരിയായി എന്തൊക്കെയോ ആയി മാറി ....

2009, ഫെബ്രുവരി 19, വ്യാഴാഴ്‌ച

മംഗലാപുരം -ശ്രീരാമസേന-മീനാക്ഷിക്കുട്ടിയമ്മ

ആദ്യമേ പറയട്ടെ ..ഇതില്‍ കാതലായ ഒന്നും തന്നെ ഇല്ല..വസ്തുതകളോ ഉന്നതമായ ചിന്തകളോ ഇല്ല..മറിച്ച് നിറയെ അസഹിഷ്ണുതയും നിലവാരംകുറഞ്ഞ വിലയിരുത്തലുകളും മാത്രം ..(സമയം വേസ്റ്റ് ചെയ്യിപ്പിക്കരുതല്ലോ...ഇവിടെ വച്ചു തന്നെ വായന നിര്‍ത്താം )
............................................................................................................................................

ഇതില്‍ അവസാനം പറഞ്ഞ കഥാപാത്രത്തെ മാത്രമെ പരിചയപ്പെടുത്തേണ്ടതുള്ളൂ ...എന്റെ അമ്മയാണ്.. മീനാക്ഷിക്കുട്ടി അമ്മ..അമ്മക്ക് ഈയിടെയായി വര്‍ഗീയതയുടെ വന്നു തുടങ്ങ്യോ എന്നൊരു പേടി ...കാരണം ഈയിടെയായി വല്യ വല്യ വിഷയങ്ങളില്‍ അമ്മ അഭിപ്രായം പറയുന്നു ...അതും ഒരു ഒന്നു ഒന്നര അഭിപ്രായം ...കഴിഞ്ഞ ആഴ്ച പുള്ളിക്കാരിക്കൊരു സംശയം ..എന്നതാ ഈ പ‌ബ്? പുള്ളിക്കാരി ഇതു വരെ ഈ ഐ.ടി പാര്‍ക് പോലൊരു സാധനം ആണ് എന്ന് വിചാരിച്ചിരിക്കാര്‍ന്നു (ഒരു പാലക്കാടന്‍ കുഗ്രാമത്തിലെ പ്രോഡക്റ്റ് ആണ്..അതും ലോകം എന്ന് വച്ചാല്‍ സിപിഎം എന്ന് വിചാരിച്ചിരിക്കുന്ന ഒരു പാവം ).,കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു ...ദേ കിടക്കണ് ..."ഇവളുമാരെ നല്ല പുളിവാറല്‍ കൊണ്ടടിക്കണം ..കൂടെ നടക്കണ അവന്മാരേം "..മുത്തലിക് കേള്‍ക്കണ്ട ..കേരളത്തിന്റെ ചുമതല എങ്ങാനും കൊടുത്താലോ ...പാവല്ലേ എന്റെ അമ്മ...

ഒരു പരിധി വരെ കുടുംബം , മക്കള്‍ എന്നൊക്കെ വിചാരിച്ചു ജീവിക്കുന്ന അമ്മമാരുടെ ഡയലോഗ് ഇതു പോലെ ആവും ..യതാസ്ഥികരെന്നോ പുരുഷ മേധാവിത്വത്തിന്റെ തടവറയില്‍ കഴിയുന്ന അബലകളെന്നോ വിളിക്കാം ...എന്റെ വിഷയം ഒന്നും അതൊന്നും അല്ല ....കുറെ നാളുകളായി നമ്മുടെ 'പച്ചയായ' ബ്ലോഗുകളില്‍ ഉയരുന്ന ഒരു കാര്യം.. (ദേവിമാരുടെ മുലകളുടെ എണ്ണം എടുക്കുന്നതിന്റെ ഇടവേളകളില്‍ മാത്രം ..)..സത്രീകളെ ഭാരത സംസ്കാരത്തിന്റെ എന്തോ ഒന്നു തകര്‍ന്നു വീണത്രേ? അല്ല അറിയാന്‍ പാടില്ലാഞ്ഞു ചോദിക്കാ? കാമാസക്തിയുമായി വന്ന ശൂര്‍പ്പണഖയുടെ മൂക്കും മുലയും വരെ അരിഞ്ഞിട്ട ദൈവങ്ങള്‍ ഉള്ള നാടാണ് (കുറച്ചു ജെട്ടികള്‍ അയോധ്യയിലേക്കും അയച്ചാലോ? ഇതൊക്കെ ഊരിക്കളയാന്‍ ദൈവമായി ഓരോ അവസരങ്ങള്‍ ഉണ്ടാക്കിത്തരുകയല്ലേ ...)...താടക കൊച്ചിനെ കൊന്ന കാര്യവും നമുക്ക് പരിഗണിക്കേണ്ടതാണ് ..സ്‌ത്രീ ധ്വംസനത്തിന്റെ കഥകള്‍ ഇഷ്ടം പോലെ ഉണ്ട് താനും ...എന്നിട്ടും പന്തിയില്‍ പക്ഷപാതം..പാവം ശ്രീരാമസേനക്കാര്‍ ...

ഇനി അഹിംസ? അഹിംസാ പരമോ ധര്‍മ എന്നാണെങ്കില്‍ 'ധര്‍മ ഹിംസ തദൈവച ' എന്ന് പാടിയ നാടാണ് ...ഇവിടെ ജീവിക്കുന്ന നമ്മളെ സമ്മതിക്കണം .. ആയുധം താഴെ വച്ചു തികച്ചും സമാധാന കാംക്ഷിയായി നിന്ന അര്‍ജുനന്‍ സഖാവിനെ "കുതസ്ത്വാ കശ്മലമിദം സമുപസ്ത്തിദം " എന്നൊക്കെ പുലമ്പിയ സവര്‍ണ്ണ ആര്യ (തല്‍ക്കാലം OBC യാദവനെ അപ്പര്‍ ക്ലാസ് ആക്കാം) വര്‍ഗീയ ഫാസിസ്റ്റ് കൃഷ്ണന്‍ ( വംശഹത്യ എങ്ങിനെ പിന്നെ മോഡി നടത്താതിരിക്കും ) ജനിച്ച നാട് ..ധനുര്‍വേദം എഴുതിയ നാട് ..പഠിച്ച നാട് (ആര് പഠിച്ചു ? സവര്‍ണ്ണ ഹിന്ദു ആര്യ ബ്രാഹ്മണര്‍ )..ദ്വാവിമൌ പുരുഷ ലോകേ ..സുര്യ മണ്ഡല ഭേദിന:പരിവ്രാദ് യോഗ: യുക്തശ്ച്ച്ച രണേചാഭിമുഖേ ഹത: (ജിഹാദ് അല്ലാതെന്തു ..ഹൂ ഭീകരം ).....ആയോധനം ഇവിടെ പാഠ്യപദ്ധ്യതിയുടെ ഭാഗമായിരുന്നു ...(കോടിയേരി ആഭ്യന്തരം ആവാഞ്ഞത്‌ നന്നായി ...അല്ലേല്‍ പിന്നെ ആയുധം പരിശീലനം കോഴിക്കോട് ഗ്രീന്‍ വാല്ലിയിലും ഏരിയ കമ്മിറ്റി ഓഫിസിലും മാത്രമാക്കി ഒതുക്കിയേനെ )

പറഞ്ഞു വന്നത്, രണ്ടെണ്ണം പൊട്ടിക്കുന്നത് കൊണ്ടു ഇവിടെ ഒരു ചുക്കും തകര്‍ന്നു വീഴില്ല.. സാമവും ദാനത്തൊടും ഒപ്പം ഭേദവും നല്ല ചുട്ട അടിയും ഇവിടെ നടക്കാത്ത കാര്യവുമല്ല...പിന്നെ ഒരു കാര്യം..അടിക്കുമ്പോ രണ്ടു കൂട്ടര്‍ക്കും കൊടുക്കണം ...പെണ്ണിനും (സ്‌ത്രീ എന്ന പദം മനപ്പൂര്‍വം ഒഴിവാക്കാ)..ആണിനും

മോറല്‍ പോലീസ് ചമയാനിറങ്ങിയ വാനര സേനക്കാരോടും , ജെട്ടി അഴിച്ചു അവകാശം സംരക്ഷിക്കാന്‍ ഇറങ്ങുന്ന മഹിളാരത്നങ്ങളോടും, അങ്ങിനെ ഒരു ഷോ തരപ്പെടും എന്ന് വിചാരിച്ചു ജയ് വിളിക്കുന്ന സാംസ്കാരിക 'നായ'കന്മാരോടും ഒരു അസഹിഷ്ണുവിന്റെ കുഞ്ഞു അഭ്യര്‍ത്ഥന ...നമ്മുടെ ഈ കുഞ്ഞു സഹോദരിമാര്‍ ഈ വഴി പിഴച്ച (പിഴച്ചട്ടില്ല എന്ന് പറയുന്നവര്‍ ക്ഷമിക്കണേ ) പാതയിലെക്കെന്തു കൊണ്ടു പോകുന്നു എന്ന് കൂടി ചിന്തിച്ചു കൂടെ? അതിനൊരു പരിഹാരത്തിന് വേണ്ടി കൂട്ടായൊന്നു ചര്‍ച്ച ചെയ്തൂടെ ?
*******************************************************************************************

അനുബന്ധം : ദേവിമാരുടെ മുലകളുടെ എണ്ണത്തിനും ശിവലിംഗ രതിവൈകൃത കണ്ടുപിടുത്തങ്ങള്‍ക്കും ശേഷം ആ നിലവാരത്തിലുള്ള പുതിയ കണ്ടു പിടുത്തങ്ങള്‍ വരുന്നൂ

1. "ഭര്‍ഗൊ 'ദേവസ്യ' ധീമഹി - വേദത്തില്‍ ദേവസ്യ ഉണ്ട്
2. അസ'തോമ' സദ്ഗമയ - വേദത്തില്‍ 'തോമ' വരെ ഉണ്ട് ..ആമേന്‍

അയ്യോ , അദ്ധ്യായം പറയാന്‍ മറന്നു ...(ഋഗ്വേദം 10-3-4)

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

പ്രിയപ്പെട്ട ഡോക്ടര്‍ക്ക്‌ ..(ഒരു ഫാസിസ്റ്റ് ബ്ലോഗറുടെ ജനനം)

പ്രിയപ്പെട്ട ഡോക്ടര്‍ക്ക്‌ ..

ഡോക്ടറോട് ചോദിക്കാം എന്ന ഈ പംക്തിയിലൂടെ അനേകായിരം പേരുടെ മാനസിക വേദനകള്‍ പരിഹരിച്ച അങ്ങ് ഈയുള്ളവന്റെ വേദനകളും കൃപാ പൂര്‍വ്വം പരിഗണിക്കണം എന്ന അപേക്ഷയോടെ കാര്യത്തിലേക്ക് കടക്കട്ടെ ..കുറച്ചു കാലമായി ബ്ലോഗോസ്ഫെയരിലെ ഒരു പാവപ്പെട്ട (സത്യമായും അതെ ...) വായനക്കാരനായി അടങ്ങി ഒതുങ്ങി ഇരിക്കയായിരുന്നു ...ഈയിടെയായി ചില ലേഖനങ്ങള്‍ കണ്ടപ്പോഴാണ് എന്റെ മാനസിക നിലവാരം വളരെ അധപതിച്ചതാണെന്ന് മനസ്സിലായത്.

ഡോക്ടര്‍, ഈയിടെയായി എന്റെ കാര്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവ് കുറയുന്നോ എന്നൊരു സംശയം ..ഇതു ഉറപ്പാക്കിയത് ചാണക്യാദി പ്രഭ്രിതികളുടെ കണ്ടുപിടുത്തങ്ങള്‍ വായിച്ചപ്പോഴാണ് ...ശ്രീരാമ സേന, നവനിര്‍മാന്‍ സേന തുടങ്ങിയ വാനരപ്പടകള്‍ സംഘ പരിവാര്‍ ആണെന്ന് ആ ബഹു മാന്യ ദേഹം കഷ്ടപ്പെട്ട് ഗവേഷണം നടത്തി കണ്ടു പിടിച്ചപ്പോള്‍ ആ മഹാ സത്യത്തെ ഒരു പൊട്ടിച്ചിരിയോടെ ആണ് ഞാന്‍ നേരിട്ടത്‌ ...ഡോക്ടര്‍ , നാളെ മോസ്സാദ് , ലഷ്കര്‍ ഇ തോഇബ എന്നിവര്‍ സംഘ പരിവാര്‍ ആണെന്നും ബുഷ് ആണ് സര്‍ കാര്യവാഹ് എന്നും ഇവര്‍ പറയുമ്പോള്‍ , അത് പോലും എനിക്ക് അംഗീകരിക്കാന്‍ പറ്റുമോ എന്ന് സംശയമാണ് ...സൈകോസിസില്‍ തുടങ്ങി മാനസിക വിഭ്രാന്തിയുടെ അതിഭീകരമായ തലത്തില്‍ എത്തി നില്ക്കുന്ന ഒരവസ്ഥയാണോ ഡോക്ടര്‍?

അത് മാത്രമാണേല്‍ പോട്ടെ, എന്ന് വക്കാമായിരുന്നു ..ഇതിപ്പോ തൂലികാനാമത്തിലല്ലാതെ സ്വന്തം പേരില്‍ തന്നെ ഇത്തരം ഭീകര കാര്യങ്ങള്‍ വിളിച്ചു പറയാനും തുടങ്ങി.. കഷ്ടം അല്ലെ ഡോക്ടര്‍? V.s നെ കണ്ട ലാവ്ലിന്‍ വിജയന്‍റെ അവസ്ഥ .. അത് മാത്രമോ , കുറച്ചു നാള്‍ മുന്‍പ്‌ അങ്ങ് നാഗ്പൂരില്‍ നമ്മുടെ ബി.ജെ.പി നേതാക്കള്‍ 'അയോധ്യയില്‍ 'അമ്പലം പണിയും എന്ന് പറഞ്ഞതു നല്ല ഒന്നാംതരം ബടായി ആണെന്നും ഞാന്‍ വിശ്വസിക്കുന്നു.. ഒരു ചുക്കും ചെയ്യാന്‍ പോണില്ല ...

ഡോക്ടര്‍, ഈയിടെയായി എനിക്ക് തീരെ പേടി തോന്നുന്നില്ല ...ഇതൊരു രോഗമാണോ ഡോക്ടര്‍ ? (ഒരു സഖാവ് ഈയിടെ പറഞ്ഞു, ഇതു നല്ല പെട കിട്ട്യാല്‍ മാറും എന്ന് ).. ആഗോളെ ഹിന്ദുത്വ ഭീകരന്‍ നരേന്ദ്ര മോഡിയെ എനിക്ക് ബഹുത് കാര്യമാണ് ...പുള്ളി വികസനമല്ല, ഇനി തലകുത്തി നിന്നാല്‍ പോലും 'ഞമ്മള്‍ സമ്മതിക്കുമോ'? അവനെ ബ്ലോഗിച്ചു ബ്ലോഗിച്ചു അടുത്ത ഇലക്ഷനില്‍ തോല്‍പ്പിച്ച് കളയാം എന്ന് കച്ച കെട്ടി ഇറങ്ങിയവരെ കാണുമ്പോള്‍ എനിക്ക് വാല് കുലുക്കി പക്ഷിയെ ഓര്‍മ്മ വരുന്നു ഡോക്ടര്‍..ഞാന്‍ പതിവായി അമ്പലത്തില്‍ പോയി വിഗ്രഹാരാധന എന്ന പാപം ചെയ്യുകയും സമയം കിട്ടുമ്പോ ഭഗവദ് ഗീത എന്ന സവര്‍ണ്ണ ഫാസിസ്റ്റ് ഗ്രന്ഥം വായിക്കുകയും ചെയ്യുന്നു..എന്റെ സംഘ പരിവാര്‍ ബന്ധം ഉറപ്പിക്കാം അല്ലെ ഡോക്ടര്‍?

നേര് നേരത്തെ അറിയുന്ന (അതിലും നേരത്തെ അറിയാന്‍ 2 കോടി കൊടുക്കാന്‍ , അമ്മയാണെ, എന്റെ കയ്യില്‍ കാലണ ഇല്ല )പത്രത്തില്‍ കണ്ട ചില ഒറ്റമൂലികള്‍ പരീക്ഷിച്ചു നോക്കി...

1. കണ്ണൂരില്‍ സംഘ പരിവാരക്കാരന്‍ കൊല്ലപ്പെടുന്നത് ആകാശത്ത് നിന്നു ഉല്‍ക്ക വീണാണ് എന്ന് പഠിച്ചു നോക്കി (ഇത്രകാലം കൊലപാതകം ആര് ചെയ്താലും പാപം എന്ന മിഥ്യാ ധാരണയിലായിരുന്നു )
2. പാലസ്തീന്‍ ആക്രമണം ആസൂത്രണം ചെയ്തത് നാഗ്പൂരിലാനെന്നു ഇമ്പോസിഷന്‍ എഴുതി പഠിച്ചു ..
3. കാല്‍ മാര്‍ക്സ് കഴിഞ്ഞാല്‍ പിന്നെ പരിശുദ്ധ പുണ്യാളന്‍ ലാവ്ലിന്‍ വിജയന്‍ ആണ് എന്ന് 10 പേരോട് പറഞ്ഞു
4. പഠനത്തില്‍ ബഹു മിടുക്കനായ മകന് 50 ലക്ഷം രൂപ പടച്ച തമ്പുരാന്‍ ചുമ്മാ നടക്കുമ്പോ ഒരു പൊതിയിലാക്കി മുന്‍പില്‍ കൊണ്ടു ചെന്നിട്ടതാണെന്ന് 10 പേര്‍ക്ക് മെയില്‍ foward ചെയ്തു
5. പരുമലയില്‍ കുറച്ചു ABVP കാരെ SFI കാര്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നും പറഞ്ഞു പഠിച്ചു

ഡോക്ടര്‍, ഇത്രയും പരീക്ഷിച്ചു നോക്കി ...എന്നിട്ടും രാവിലെ എനീകുമ്പോള്‍ ഞാന്‍ "രത്നാകര ധൌത പതാം ഹിമാലയ കിരീടിനീം ബ്രഹ്മ രാജര്‍ഷി രത്നാട്യാം വന്ദേ ഭാരത മാതരം " എന്നോകെ ചൊല്ലിപ്പോകുന്നു ..മനോവിഷമത്തിനു ആക്കം കൂട്ടുന്ന കാര്യം അതല്ല ... മുപ്പതു മുക്കോടി ദേവകളുടെ കൂട്ടത്തില്‍ ആരാധ്യനായ യേശുദേവനേയും അല്ലാഹുവിനെയും ചേര്‍ത്തു പ്രാര്‍ത്ഥിക്കുക എന്ന മഹാ പാപം കൂടി ഈയുള്ളവന്റെ മാനസിക വിഭ്രാന്തിയുടെ തെളിവല്ലേ ഡോക്ടര്‍? അത് മാത്രമല്ല എന്റെ ഭഗവത് ഗീതക്കൊപ്പം ബൈബിളും ഖുറാനും വക്കുകയും ചെയ്യുന്നു ...(മുഖം മുടിയനിഞ്ഞ ഹിന്ദു വര്‍ഗീയവാദിയുടെ ..^&%^&%& ) ..
എന്നെ ഈ മനോവിഷമത്തില്‍ നിന്നു രക്ഷിക്കണം ഡോക്ടര്‍ ...ഉചിതമായ മറുപടി അടുത്ത ലക്കം വാരികയില്‍ പ്രതീക്ഷിച്ചു കൊണ്ടു

സ്നേഹപൂര്‍വ്വം
പ്രവീണ്‍
(തൂലികാ നാമം ഇല്ല ..അഹങ്കാരമാണോ ഡോക്ടര്‍ ?)